ഞങ്ങളെപ്പറ്റി

വിവര്‍ത്തനം ഒരു വ്യവസായമാക്കുക എന്ന പൊതു ഉദ്ദേശത്തോടും വിജ്ഞാന പാഠങ്ങളുടെ ഭാരതീയ ഭാഷാ പതിപ്പ് വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക തലത്തിലുള്ളവര്‍ക്കും ലഭ്യമാക്കി ഉന്നത വിദ്യാഭ്യാസം ലളിതമാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടും നിലകൊള്ളുന്ന ഭാരത സര്‍ക്കാരിന്‍റെ ഒരു പദ്ധതിയാണ് ദേശീയ പരിഭാഷാ മിഷന്‍ (എന്‍ടിഎം). ഭാഷാ അതിരുകള്‍ മറികടന്നുള്ള ഒരു വിജ്ഞാന സമാജസൃഷ്ടിയാണ് മുഖ്യ ലക്ഷ്യം. വിവര്‍ത്തനത്തിലൂടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭാരതീയ ഭാഷകളിലൂടെയുമുള്ള വിജ്ഞാന വിതരണം എന്‍ടിഎം ലക്ഷ്യമാക്കുന്നു.

വിവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക, ഭാരതീയ ഭാഷകളില്‍ നിന്നും, ഭാരതീയ ഭാഷകളിലേക്കും കൂടാതെ പരസ്പരവുമുള്ള വിവര്‍ത്തനങ്ങളുടെ ഡേറ്റാബേസ് സംരക്ഷിച്ച് വിവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാ വിവരവും ലഭ്യമാക്കുന്ന ഒരു സൂചകാലയമായി വര്‍ത്തിക്കുക. ഭാരതത്തില്‍ വിവര്‍ത്തനത്തെ ഒരു വ്യവസായമായി വളര്‍ത്തിയെടുക്കാനാണ് ഇത്തരം പ്രയത്നങ്ങളിലൂടെ എന്‍ടിഎം ശ്രമിക്കുന്നത്. ഭാരതീയ ഭാഷകളുടെ, പ്രത്യേകിച്ചും അക്കാദമികതല സംവാദഭാഷയുടെ, നവീകരണ പ്രക്രിയയില്‍ വിവര്‍ത്തകര്‍ക്ക് ഒരു മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും.

വിവര്‍ത്തനം വ്യവസായമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ് വിജ്ഞാന പാഠ വിവര്‍ത്തനം. എന്‍ടിഎമ്മിന്‍റെ വിജ്ഞാനപാഠ വ്യാപ്തിയില്‍ വിജ്ഞാന വിതരണം ലക്ഷ്യമാക്കിയുള്ള എല്ലാ പാഠ സാമഗ്രികളും ഉള്‍പ്പെടും. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പഠന സാമഗ്രികളുടെയും വിവര്‍ത്തനം 22 ഭാരതീയ ഭാഷകളിലേക്കും ഇപ്പോള്‍ നടന്നു വരികയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യമായും ഇംഗ്ലീഷ് ഭാഷയില്‍ മാത്രം ലഭ്യമാകുന്ന പാഠ പുസ്തകങ്ങള്‍ ഭാരതീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതു വഴി വിജ്ഞാനത്തിന്‍റെ ഒരു വന്‍കലവറ ലഭ്യമാക്കാന്‍ എന്‍ടിഎം ഉദ്ദേശിക്കുന്നു. ഇത് ഒരു ബൃഹത് വിജ്ഞാനസമാജ സൃഷ്ടിക്ക് വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.