അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങള്‍

കമ്മീഷന്‍ ഫോര്‍ സയന്‍റിഫിക്ക് ആന്‍റ് ടെക്നിക്കല്‍ ടെര്‍മിനോളജി (CSTT), നാഷണല്‍ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ ആന്‍റ് റിസേര്‍ച്ച് ട്രെയിനിംഗ് (NCERT), നാഷണല്‍ ബുക്ക് ട്രസ്റ്റ് (NBT), യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (UGC), സാഹിത്യ ആക്കാദമി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാഗ്വേജസ്, മെസൂര്‍ (CIIL), ഗ്രന്ഥ അക്കാദമികള്‍, പബ്ലിക്ക് ലൈബ്രറി നെറ്റ്‍വര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനവും, സഹകരണവും വളര്‍ത്തുന്നതുവഴി പ്രവര്‍ത്തനത്തില്‍ വരാന്‍ സാധ്യതയുള്ള ആവര്‍ത്തനവും ഇരട്ടിപ്പും ഒഴിവാക്കാം. പ്രസിദ്ധീകരണ ശാലകള്‍, പത്രങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, പുസ്തക വില്പനശാലകള്‍ തുടങ്ങിയവയുമായും ഇത്തരം സഹകരണം ആവശ്യമായുണ്ട്. നിലവിലുള്ളതും വളര്‍ന്നുവരുന്നതുമായ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മനസ്സിലാക്കി അവയുമായി സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഇതുമൂലം സാധിക്കും.

ദേശീയ വിവര്‍ത്തന മിഷന്‍ (NTM) അഭിസംബോധന ചെയ്യുന്ന പ്രധാന വിഷയങ്ങള്‍ താഴെ വിശദീകരിക്കുന്നു.

A. ശാസ്ത്ര സാങ്കേതിക പദാവലി നിര്‍മാണം

ഇന്ത്യയില്‍ വിവിധ ഭാഷാ പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍, ഭാഷകള്‍ തമ്മില്‍ വലിപ്പച്ചെറുപ്പം ഉണ്ടാക്കാത്ത രീതിയില്‍ ഒരു ഭാഷയില്‍ നിന്ന് വേറൊരു ഭാഷയിലേക്ക് വിവര്‍ത്തനത്തിനുള്ള സാധ്യതയുണ്ട്. പക്ഷേ അതിനായി നാം വിവിധ വഴികളും ഉപാധികളും വികസിപ്പിക്കേണ്ടതുണ്ട്.
വിജ്ഞാനപാഠങ്ങളുടെ വിവര്‍ത്തനത്തിനായി സങ്കേതിക പദങ്ങളുടെ മാനകീകരണവും, അംഗീകൃതമല്ലാത്തതും അനൌപചാരികവുമായ പദങ്ങളുടെ ഒഴിവാക്കലും, ഭാവനാത്മകമായി നടത്തിയേ തീരൂ. കൂടാതെ ഭാഷകള്‍ തമ്മില്‍ സുഗമമായി ആശയക്കൈമാറ്റം ചെയ്യുന്നതിനായി ആശയാധിഷ്ഠിതമായ രൂപവത്ക്കരണത്തിന്‍റെയും ആവശ്യകതയുണ്ട്. ഇത് ദേശീയ വിവര്‍ത്തന മിഷന്‍ (NTM) നേരിടേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്.

B. വിവര്‍ത്തക വിദ്യാഭ്യാസം

വിവര്‍ത്തനം വൈദഗ്ദ്ധ്യം ആവശ്യമായ പ്രക്രിയയാണ് വിജ്ഞാനശാഖകളിലെ പാഠങ്ങളാകുമ്പോള്‍ വിവര്‍ത്തനത്തിനായി പ്രത്യേക വൈദഗ്ദ്ധ്യം നേടേണ്ടതുമുണ്ട്. താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങളിലൂടെ മിഷന് വിവര്‍ത്തക വിദ്യാഭ്യാസ പരിപാടിയ്ക്ക് തുടക്കം കുറിക്കാം.
1. വ്യാഖ്യാനം, ഉപശീര്‍ഷക നിര്‍മാണം, നിയമം, ശാസ്ത്രവിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം എന്നിവയുടെ പരിഭാഷ തുടങ്ങിയ നിര്‍ദ്ദിഷ്ട ഉദ്ദേശങ്ങള്‍ക്കായി ബന്ധപ്പെട്ട മേഖലകളിലെ പണ്ഡിതര്‍/ വിദഗ്ദ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഹ്രസ്വകാല പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക.
2. പരിഭാഷകരെ ഉദ്ദേശിച്ചുള്ള കോഴ്സ് മോഡ്യൂളുകളും പാക്കേജുകളും നിര്‍മിക്കുക. ഇവ രാജ്യത്തുടനീളമുള്ള ഭാഷാ പഠന പ്രോഗ്രാമുകളുമായി സംയോജിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതോ, അവധിക്കാലങ്ങളിലും, ജോലിസമയത്തിനും, ക്ലാസ് സമയത്തിനും ശേഷമുള്ള അവസരങ്ങളിലും നടത്താന്‍ കഴിയുന്ന പ്രത്യേക കോഴ്സുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതോ ആയിരിക്കണം.
3. സര്‍‍വ്വകലാശാലകളിലും മറ്റു ഗവേഷണ സ്ഥാപനങ്ങളിലും വിവര്‍ത്തന സാങ്കേതിക വിദ്യയിലും മറ്റു ബന്ധപ്പെട്ട വിഷയങ്ങളിലും പ്രത്യേക കോഴ്സുകള്‍ വികസിപ്പിക്കുന്നതിനായി പ്രോത്സാഹനവും, സഹായസഹകരണവും നല്‍കുക.
4. തിരഞ്ഞെടുത്ത പാഠപുസ്തകങ്ങളുടെ ഗുണനിലവാരമുള്ള പരിഭാഷകള്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വിദ്യാര്‍ത്ഥി ഗവേഷണം ഉള്‍പ്പെടെയുള്ള ഗവേഷണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക
5. ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള വിവര്‍ത്തനത്തിലൂന്നി വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തമ്മില്‍ പണ്ഡിതരെ കൈമാറ്റം ചെയ്യുന്നതിനായി ഫെല്ലോഷിപ്പുകള്‍ നല്‍കുക.
6. പ്രത്യേക പാഠങ്ങള്‍ ഉദാഹരണമായി എടുത്ത് വിജ്ഞാന ഉള്ളടക്കം, പദാവലി, സാംസ്കാരിക ഭാഷാശാസ്ത്ര സന്ദര്‍ഭങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വരുന്ന പ്രത്യേക പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരം കണ്ടെത്താനുമായി വിദഗ്ദ്ധരും പരിശീലകരും ഒത്തുചേരുന്ന ശില്പശാലകള്‍ സംഘടിപ്പിക്കുക
7. വിവര്‍ത്തനങ്ങള്‍ കര്‍ശനമായി പരിശോധിച്ച് പ്രസിദ്ധീകരണക്ഷമമാക്കുന്നതിനും, എഡിറ്റിംഗിനും, കോപ്പി എഡിറ്റിംഗിനുമായി ശില്പശാലകള്‍ സംഘടിപ്പിക്കുക.

C. വിവര വിതരണം

വിവര്‍ത്തനക്ഷമതയെക്കുറിച്ച് നമുക്ക് ലഭ്യമായിട്ടുള്ള അറിവ് ഇപ്പോഴും പൂര്‍ണമല്ല. വിവര സംഗ്രഹണത്തിനായി ഒരൊറ്റ ഉറവിടം ലഭ്യമല്ല എന്നതാണ് ഇതിനു കാരണം. ഈ വസ്തുത ഭാരതീയ ഭാഷാ വിവര്‍ത്തകരെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമാണ് കാരണം ഇംഗ്ലീഷ് വിവര്‍ത്തകര്‍ക്ക് ഭാരതത്തിലുടനീളം അംഗീകാരം ലഭിക്കുന്നുണ്ട്.

വിവര്ത്ത ന സംബന്ധിയായ പുസ്തകങ്ങളുടെ ലഭ്യതയിലും, ഈ മേഖലയില്‍ വൈദഗ്ദ്ധ്യം നേടിയവരെ കണ്ടെത്തുന്നതിനും ഉള്ള ബുദ്ധിമുട്ടുകളെ മിഷന് താഴെപ്പറയുന്ന രീതികളില്‍ അഭിമുഖീകരിക്കാം.
1. വിവിധ വിജ്ഞാന മേഖലകളില്‍ യോഗ്യതയും വൈദഗ്ദ്ധ്യവും നേടിയ വിവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സംഗ്രഹാലയം സൃഷ്ടിക്കുക.
2. ഇന്ത്യന്‍ ഭാഷകളിലും, ഇംഗ്ലീഷിലും, മറ്റു വിദേശ ഭാഷകളിലും നിലവില്‍ ലഭ്യമായ വിവര്‍ത്തനങ്ങളുടെ ഒരു ഓണ്‍ലൈന്‍ ഗ്രന്ഥസൂചി നിര്‍മ്മിക്കുക. ഇതില്‍ വിവിധ വിഷയങ്ങള്‍, ഭാഷകള്‍, വിജ്ഞാനമേഖലകള്‍ ഇവയില്‍ അന്വേഷണത്തിനുള്ള സൌകര്യവും കൂടി ഉള്‍പ്പെടുത്തണം.
കൂടാതെ ഉപയോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ലഭ്യമാക്കണം. സര്‍വ്വകലാശാലകള്‍, പ്രസാധകര്‍, നാഷണല്‍ ലൈബ്രറികള്‍, സാഹിത്യ അക്കാദമികള്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് കൂടാതെ കമ്മീഷന്‍ ഫോര്‍ സയന്‍റിഫിക് ആന്‍റ് ടെക്നിക്കല്‍ ടെര്‍മിനോളജി (CSTT) തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവ നിരന്തരം കാലികമാക്കേണ്ടതായുണ്ട്.

സിഐഐഎല്‍ അനുകൃതി വെബ് സൈറ്റില്‍ സാഹിത്യ അക്കാദമിയുടെ സാഹിത്യ വിവര്‍ത്തനങ്ങളുടെ ഗ്രന്ഥസൂചി ലഭ്യമാണ്. ഇന്ത്യന്‍ ഭാഷകളിലെ വിവര്‍ത്തകരുടെ ലിസ്റ്റ് അടങ്ങിയിട്ടുള്ള വിവര്‍ത്തകരുടെ രജിസ്റ്ററും സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതും NTM വെബ് സൈറ്റില്‍ ഉള്‍ക്കൊള്ളിക്കാം. ഇവ രണ്ടും പുതുതായി അംഗീകാരം ലഭിക്കുന്ന ഇന്ത്യന്‍ ഭാഷകളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും കാലികമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇവയെല്ലാം സാഹിത്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതിനാല്‍ മറ്റു മേഖലകളിലെ വിവര്‍ത്തനങ്ങളേയും വിവര്‍ത്തകരേയും കുറിച്ചുള്ള പട്ടികകള്‍ പുതുതായി തയ്യാറാക്കേണ്ടിയിരിക്കുന്നു. ഇതിനായി ഡേറ്റാ ശേഖരിക്കാനും എഡിറ്റുചെയ്യാനുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവരെ എന്‍ടിഎം ചുമതലപ്പെടുത്തിയേക്കാം.

D. ദൃശ്യതയും പ്രായോഗികതയും

വിവര്‍ത്തനവും വിവര്‍ത്തകരും കൂടുതല്‍ ദൃഷ്ടിഗോചരമാകേണ്ടതുണ്ട്. വിവര്‍ത്തകര്‍ക്കു ലഭിക്കുന്ന പ്രതിഫലം ഇതില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ഇത് പുനരാലോചന അര്‍ഹിക്കുന്ന ഒരു കാര്യമാണ്.

വിവര്‍ത്തന വ്യവസായ സൃഷ്ടി മുന്നില്‍ക്കണ്ട് വിവര്‍ത്തനത്തെ തൊഴിലായി ചിന്തിച്ചു തുടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തില്‍ വിവര്‍ത്തനം, അത് ഏതു മേഖലയിലേതായാലും, വിവര്‍ത്തകര്‍ക്ക് ഒരു തൊഴിലെന്ന നിലയില്‍ സാമാന്യം നല്ല വരുമാനം നേടിക്കൊടുക്കുന്ന ജീവനോപാധിയായി മാറുന്ന ഒരു സാഹചര്യം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നിലവാര നിയന്ത്രണത്തിനും യോഗ്യതയുടെ അംഗീകാരത്തിനുമായി വിവിധ മേഖലകളിലുള്ള വിവര്‍ത്തകരെ NTMല്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള ഒരു സംവിധാനം രൂപപ്പെടുത്താന്‍ കഴിയും. അതാത് വിജ്ഞാനമേഖലകളിലെ വിദഗ്ദ്ധര്‍, മൂലഭാഷയിലേയും ലക്ഷ്യഭാഷയിലേയും പണ്ഡിതന്‍മാര്‍, ഉദ്ബുദ്ധരായ വായനക്കാര്‍ എന്നിവരടങ്ങിയ മൂല്യനിര്‍ണയ ബോര്‍ഡ് വിവര്‍ത്തനത്തിന്‍റെ നിലവാരം തിട്ടപ്പെടുത്തുകയും വിവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും ദേശീയ പൊതുധാരയില്‍ എത്താനുമുള്ള യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അംഗീകാരമോ സര്‍ട്ടിഫിക്കേഷനോ നല്‍കുകയും അവരുടെ പേരുകള്‍ എന്‍ടിഎമ്മിന്‍റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയുമാകാം.

E. വിവര്‍ത്തന ലഭ്യതയും പ്രചാരണവും ഉറപ്പുവരുത്തുക

വിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവയ്ക്ക് ദൃശ്യത കൈവരുത്തുന്നതിനുമുള്ള മറ്റു ചില ഉപാധികള്‍ താഴെ പറയുന്നവയാണ്.
1. വിവര്‍ത്തനങ്ങളുടെ പുസ്തക പ്രകാശനം സംഘടിപ്പിക്കുക.
2. വിവര്‍ത്തന പുരസ്കാരങ്ങളും ഫെലോഷിപ്പുകളും ഏര്‍പ്പെടുത്തുക
3. പുസ്തകവായന, സംവാദം, പുസ്തകപ്രദര്‍ശനങ്ങള്‍, പ്രാദേശിക വിവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവര്‍ത്തന മേളകള്‍ സംഘടിപ്പിക്കുക.
4. പ്രാരംഭദിശയില്‍ ഗുണനിലവാരമുള്ള വിവര്‍ത്തനങ്ങളുടെ വിപണന സാധ്യത ഉറപ്പുവരുത്തുന്നതിനായി ഗ്രന്ഥശാല നെറ്റ്‍വര്‍ക്കുകളുമായി ബന്ധം സ്ഥാപിക്കുക.
5. പ്രസാധകരുടെയും, ഗ്രന്ഥകര്‍ത്താക്കളുടെയും, വിവര്‍ത്തകരുടെയും അപേക്ഷകളുടെ അടിസ്ഥാനത്തില്‍ NTM ധനസഹായ സ്കീമിന്‍റെ (NTM-GIA) കീഴില്‍ ‘തിരിച്ചു വാങ്ങല്‍ സംവിധാനം’ (buyback arrangement) ഉണ്ടാക്കുക.
6. വിവര്‍ത്തന പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി വിവര്‍ത്തകര്‍ക്കും, പ്രസാധകര്‍ക്കും NTM-GIA വഴി ഇളവുകള്‍ നല്‍കുക.
7. വിവര്‍ത്തനം ചെയ്യപ്പെട്ട വിജ്ഞാന പാഠങ്ങള്‍ മുഖ്യമായും ഒരു ‘ഓപ്പണ്‍ സോഴ്സ് സൈറ്റ്’ (തുറന്ന ഉറവിടം) വഴി ഡൌണ്‍ലോഡ് ചെയ്യുന്നതിനോ അല്ലെങ്കില്‍ തുച്ഛമായ ഒരു നിശ്ചിത തുക പ്രസാധകര്‍ക്ക് കൊടുത്ത് ഡൌണ്‍ലോഡ് ചെയ്യുന്നതിനോ ഉള്ള സൌകര്യം നല്‍കുക.
8. വിവര്‍ത്തകരും, വിവര്‍ത്തനത്തില്‍ സവിശേഷപഠനം വാഗ്ദാനം ചെയ്യുന്ന സര്‍വ്വകലാശാല വിഭാഗങ്ങളും, വിവര്‍ത്തനങ്ങളുടെ പ്രസിദ്ധീകരണത്തിന് പ്രാധാന്യം നല്‍കുന്ന പ്രസാധകര്‍, പൊതു സ്വകാര്യ മേഖലകള്‍ കൂടാതെ മുഖ്യമായും വിവര്‍ത്തനങ്ങള്‍ വാങ്ങുന്നവര്‍ അഥവാ വിവര്‍ത്തന ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ക്കായി ഒരു ‘പൊതു ഇടം’ നിര്‍മിക്കുക.
9. വിവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കുന്ന ഇംഗ്ലീഷിലും ഇന്ത്യന്‍ ഭാഷകളിലും ഉള്ള ജേര്‍ണലുകള്‍, വിവര്‍ത്തനത്തിന്‍റെ ഇലക്ട്രോണിക് പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന ജേര്‍ണലുകള്‍, അഥവാ വിവിധ വിഷയങ്ങളില്‍‌ ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമാകുന്ന പ്രമുഖ പ്രൊഫഷണല്‍ ജേര്‍ണലുകളുടെയും, സീരിയല്‍ പ്രസിദ്ധീകരണങ്ങളുടെയും പ്രാദേശിക ഭാഷാ പതിപ്പുകള്‍ ഇവയുടെയെല്ലാം പ്രസിദ്ധീകരണത്തിനായി ധനസഹായം നല്‍കുക.
10. ദേശീയ/പ്രാദേശിക പാഠ്യപദ്ധതിക്രമത്തിലും, സ്ക്കൂള്‍, കോളേജ്, സര്‍വ്വകലാശാലാ സിലബസുകളിലും വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള പ്രേരണയും നിര്‍ദ്ദേശവും നല്‍കുക.
11. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ തലങ്ങളിലും വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് അറിവു നല്‍കുന്ന ഭാഷാവിഭവ കേന്ദ്രങ്ങളും, പുസ്തകശാലകളും രൂപീകരിക്കുന്നതിന് സഹായിക്കുക.
12. പരീക്ഷകള്‍, തൊഴില്‍ പരീക്ഷകള്‍ എന്നിവയില്‍ ഉള്‍പ്പെടെയുള്ള ഉപയോഗങ്ങളും പ്രയോജനങ്ങളും ചൂണ്ടിക്കാട്ടി ദ്വിഭാഷാ, ബഹുഭാഷാ സാമര്‍ത്ഥ്യം കൈവരിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തുകാണിക്കുക.
13. ഇന്ത്യയിലെ ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പോലും വിവര്‍ത്തനങ്ങള്‍ എത്തുന്നു എന്ന് ഉറപ്പുവരുത്താനായി പൊതു, സിവില്‍ സൊസൈറ്റി സംഘടനകളുമായി ബന്ധം സ്ഥാപിക്കുക.